വേദങ്ങൾ ഒരു പരിചയം

vedas

ലോകത്തിലെ തന്നെ അതിപുരാതനമായ ഗ്രന്ഥരാശിയാണ് വേദങ്ങൾ.ആർഷ സംസ്കൃതത്തിൽ രചിക്കപെട്ടിരിക്കുന്ന അവ ഭാരതീയ സംസ്കാരത്തിന്റെ അടിത്തറയായി നിലകൊള്ളുന്നു. സനാതന ധർമ്മത്തിന്റെ മൂലവും അതുതന്നെയാകുന്നു.

വേദം എന്ന വാക്ക് വിദ് ധാതുവിൽനിന്നുണ്ടായതാണ്. വിദ് ധാതുവിന് പ്രധാനമായും അഞ്ചു അർത്ഥങ്ങളുണ്ട്‌. “വിദ് ജ്ഞാനേ,  വിദ് സത്തായാം, വിദ് ലാഭേ, വിദ് വിചാരണേ, വിദ് ചേതനാഖ്യാനനിവാസേഷു.” ഈ ധാതുവിനോട് ‘ഘഞ്’ പ്രത്യയം ചേർത്തിട്ടാണ് വേദശബ്ദം ഉണ്ടായിട്ടുള്ളത്.അപ്പോൾ വേദം എന്ന പദത്തിന്ന് ജ്ഞാനം, സത്ത, ലാഭം, വിചാരം, അനുഭവിക്കുക, സംസാരിക്കുക, നിവസിക്കുക എന്നീ അർത്ഥങ്ങൾ സിദ്ധിക്കുന്നു. അതായത് യാതോന്നുകൊണ്ടോ അല്ലെങ്കിൽ യാതോന്നിലോ എല്ലാവർക്കും ജ്ഞാനം സിദ്ധിക്കുന്നത് , യാതൊന്നുകൊണ്ടോ അല്ലെങ്കിൽ യാതോന്നിലോ എല്ലാവർക്കും വിചാരവും നിയന്ത്രണവും സിദ്ധിക്കുന്നത് , യാതോന്നുകൊണ്ടോ അല്ലെങ്കിൽ യാതോന്നിലോ എല്ലാ വിദ്യകളും സിദ്ധിക്കുകയോ നിവസിക്കുകയോ ചെയ്യുന്നത് അതാണ്‌ വേദം.ഈ വേദം ആരും തന്നെ ഉണ്ടാക്കിയതല്ല. സ്വതവേ തന്നെ ഉള്ളതാണ്. അനാദിയും അപൗരുഷേയവുമായ ജ്ഞാനത്തെ മന്ത്രദ്രഷ്ടാക്കളായ ഋഷിവര്യന്മാർ ദർശിക്കുകയാണ്, കണ്ടെത്തുകയാണ് ചെയ്തത്.

വേദത്തിനു മൂന്ന് ലക്ഷണങ്ങളുണ്ട്‌.
1. ഋക് : ശ്രുതി പ്രധാനവും ഛന്ദോരൂപവുമായ മന്ത്ര ഭാഗം.
2. യജുസ് : യജ്ഞപ്രധാനവും പ്രായേണ ഗദ്യ രൂപവുമായ മന്ത്ര ഭാഗം.
3. സാമം: ഗാനപ്രധാനമായ മന്ത്രഭാഗം.

വേദത്തിന്റെ ഗ്രന്ഥക്രമത്തിലുള്ള വിഭജനം
അറിവെന്ന രൂപത്തിൽ വേദം ഏകമാണെങ്കിലും അറിവിനെ പ്രതിപാദിക്കുന്ന ഗ്രന്ഥരാശി എന്ന നിലയിൽ വേദം നാലായി വിഭക്തമാണ്. ഋക്, യജുസ്, സാമം, അഥർവം എന്നിവയാണവ. യജുർവേദത്തിനു കൃഷ്ണയജുർവേദമെന്നും എന്നും ശുക്ലയജുർവേദമെന്നും രണ്ടു ഭാഗങ്ങളുണ്ട്.

വേദത്തിന്റെ വിഷയ ക്രമത്തിലുള്ള വിഭജനം
ഓരോ വേദത്തെയും പ്രതിപാദിക്കപ്പെട്ട വിഷയത്തിന്റെ അടിസ്ഥാനത്തിൽ  പലപ്രകാരത്തിൽ വിഭജിക്കാറുണ്ട്. വിധി നിഷേധാത്മകമായ വേദത്തിന്റെ പൂർവ്വഭാഗത്തെ കർമ്മകാണ്ഡമെന്നും ആത്മജ്ഞാനത്തെ ഉപദേശിക്കുന്ന ഉത്തരഭാഗത്തെ ജ്ഞാനകാണ്ഡമെന്നും വിഭജിക്കുന്നതാണ് ഇതിൽ ഒന്ന്. സംഹിത, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത് എന്നിങ്ങനെ നാലായി വിഭജിക്കുന്നതാണ് മറ്റൊരു ക്രമം.

പ്രായേണ ദേവതകളെപ്പറ്റിയുള്ള സ്തുതികളാണ് സംഹിതാഭാഗത്തുള്ളത്. പ്രായേണ മന്ത്രങ്ങളുടെ ഗൂഡാർത്ഥം വ്യക്തമാക്കുന്നതും യജ്ഞാനുഷ്ഠാനങ്ങളുടെ വിധി വിധാനങ്ങൾ നിർദ്ദേശിച്ചിരിക്കുന്നതുമായ ഭാഗം ബ്രാഹ്മണം. പ്രായേണ ഉപാസനാപരങ്ങളായ വിഷയങ്ങളാണ് ആരണ്യകത്തിലുള്ളത്. ഇവിടെയല്ലാം പ്രായേണ എന്നു പറഞ്ഞത് ഇതിലെല്ലാം നിഗൂഡങ്ങളായ തത്ത്വപ്രതിപാദനം ചെയ്യുന്ന മന്ത്ര ഭാഗങ്ങളും ഉണ്ടെന്നതിനാലാണ്. ജീവേശ്വരൈക്യരൂപമായ ജ്ഞാനത്തെ ഉപദേശിക്കുന്ന ഭാഗമാണ് ഉപനിഷത്തുക്കൾ.

വേദത്തിന്റെ താൽപര്യനിർണ്ണയം ചെയ്യുന്ന ഭാഗമായതിനാൽ ഉപനിഷത്തുക്കളെ വേദാന്തം എന്നും വിളിക്കുന്നു. ഓരോ വേദശാഖയ്ക്കും ഒന്നെന്ന തോതിൽ 1180 ഉപനിഷത്തുക്കൾ ഉണ്ടായിരുന്നു. ഇവയിൽ 108 എണ്ണം പ്രധാനങ്ങളാണ്. ഇതിൽത്തന്നെ ദശോപനിഷത്തുക്കളാണ് പരമപ്രധാനങ്ങൾ. ഈശാവാസ്യോപനിഷത്ത്, കേനോപനിഷത്ത്, കഠോപനിഷത്ത്, പ്രശ്നോപനിഷത്ത്, മുണ്ഡകോപനിഷത്ത്, മാണ്ഡൂക്യോപനിഷത്ത്, തൈത്തിരീയോപനിഷത്ത്,ഐതരേയോപനിഷത്ത്, ഛാന്ദോഗ്യോപനിഷത്ത്, ബൃഹദാരണ്യകോപനിഷത്ത് എന്നിവയാണവ. മുൻപറഞ്ഞ വിഭജനക്രമത്തിൽ സംഹിത, ബ്രാഹ്മണം, ആരണ്യകം, എന്നിവ കർമ്മ കാണ്ഡത്തിൽപ്പെടുന്നു. ജ്ഞാന കാണ്ഡം ഉപനിഷത്തുതന്നെ.

വേദ ശാഖകൾ:
ഗുരു ശിഷ്യ പരമ്പരയിലൂടെ പ്രചലിക്കവെ വേദം വിവിധശാഖകളായിത്തീർന്നു. വേദരാശി പല ശാഖകളിലായി പിരിഞ്ഞപ്പോൾ മൊത്തം 1180 ശാഖകൾ ഉടലെടുത്തു. ഇവയിൽ 21 എണ്ണം ഋഗ്വേദീയങ്ങളും 109 എണ്ണം യജുർവേദീയങ്ങളും 1000 എണ്ണം സാമവേദീയങ്ങളും 50 എണ്ണം അഥർവ വേദീയങ്ങളും ആകുന്നു.

വേദാംഗങ്ങൾ :
ശിക്ഷ, കല്പം,വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം എന്നിവ. വേദങ്ങൾ നിലകൊള്ളുന്നത് വേദാംഗങ്ങളിലാകുന്നു. വേദ താല്പര്യം ഗ്രഹിക്കാൻ വേദാംഗങ്ങളുടെ സമ്യഗ്ജ്ഞാനം ആവശ്യമാണ്‌. വേദാംഗങ്ങളെ ഷഡംഗങ്ങൾ എന്നും ഷട്ശാസ്ത്രങ്ങൾ എന്നും പറയുന്നു.

1. ശിക്ഷാ:
വർണങ്ങളുടെയും പദങ്ങളുടെയും മറ്റും ഉച്ചാരണത്തെ പറയുന്ന ശാസ്ത്രം. ഓരോ വർണ്ണവും ഏതു സ്ഥാനത്തിൽ നിന്നും എന്തു പ്രയത്നം വിനിയോഗിച്ച് ഉച്ചരിക്കണം എന്ന് ശിക്ഷാ ശാസ്ത്രം പഠിക്കിക്കുന്നു. നാരദ മഹർഷി, വസിഷ്ഠ മഹർഷി, പാണിനീ മഹർഷി തുടങ്ങി അനേകം മഹർഷിമാർ ഈ ശാസ്ത്രത്തിന്റെ പ്രവർത്തകരായിരുന്നു.

2. കല്പം:
യജ്ഞ സംബന്ധിയായ മന്ത്രങ്ങളുടെ വിശദമായ അർത്ഥങ്ങളെ പ്രതിപാദിക്കുന്നത്. വേദത്തിലെ ബ്രാഹ്മണഭാഗത്തിലെ ക്രിയാപരമായ മന്ത്രങ്ങളെ ഇവ സൂത്രരൂപത്തിൽ അവതരിപ്പിക്കുന്നു. ആപസ്തംബ മഹർഷി, ബോധായന മഹർഷി, ആശ്വലായന മഹർഷി, ഗോഭില മഹർഷി, പാരസ്കര മഹർഷി തുടങ്ങി അനേക മഹർഷിമാർ കല്പ ശാസ്ത്ര പ്രവർത്തകരായിരുന്നു. കല്പ ശാസ്ത്രത്തിൽ തന്നെ നാലു വിഭാഗങ്ങളുണ്ട്.

1. ശ്രൌതസൂത്രം- വേദോക്തങ്ങളായ യജ്ഞങ്ങളെ പ്രതിപാദിക്കുന്നത്.
2. ഗ്രിഹ്യ സൂത്രം – ഗർഭാധാനം മുതൽ അന്ത്യേഷ്ടിവരെയുള്ള ഷോഡശ സംസ്കാരങ്ങളെ സംബന്ധിക്കുന്നത്.
3. ധർമ്മ സൂത്രം- വർണ്ണാശ്രമനിയമങ്ങളെ സംബന്ധിക്കുന്നത്.
4. ശൂൽബ സൂത്രം- യജ്ഞനിർവ്വഹണത്തിനുള്ള വേദിയെയും മറ്റും ഒരുക്കുന്നതിനെപ്പറ്റിയുള്ളത്.

3. വ്യാകരണം : പദനിഷ്പത്തിയെയും പദങ്ങളുടെയും ശരിയായ ഉപയോഗത്തെയും പറയുന്ന ശാസ്ത്രം-ഐന്ദ്രം, ചാന്ദ്രം, കാശകൃത്സം, ശാകടായനം, ആപിശലം തുടങ്ങി അനവധി വ്യാകരണ ശാസ്ത്രങ്ങൾ ഉണ്ടെങ്കിലും ഏറ്റവും പ്രധാനം പാണിനീയ വ്യാകരണ ശാസ്ത്രമാണ്. അഷ്ടാദ്ധ്യായി എന്നും ഇതറിയപ്പെടുന്നു. പാണിനീ മഹർഷിയാൽ സൂത്ര രൂപത്തിൽ വിരചിതമായ ഇതിനു വരരുചി (കാത്യായനമഹർഷി) വാർത്തികവും പതഞ്‌ജലി മഹർഷി മഹാ ഭാഷ്യവും രചിച്ചു.

4. നിരുക്തം : വേദ മന്ത്രങ്ങളുടെയും പദങ്ങളുടെയും അർത്ഥ നിർവ്വചനം ചെയ്തിട്ടുള്ള ശാസ്ത്രം-മുഖ്യം യാസ്ക മഹർഷിയുടെ നിരുക്തം.

5. ഛന്ദസ്സ് : വേദ മന്ത്രങ്ങളുടെ വൃത്തങ്ങളെ സംബന്ധിച്ച ശാസ്ത്രം. പിംഗളമഹർഷിയുടെ ഛന്ദൊശാസ്ത്രം മുഖ്യം.

6. ജ്യോതിഷം: വൈദികയജ്ഞങ്ങളുടെയും മറ്റും നിർവ്വഹണത്തിനു കൃത്യമായ സമയക്രമം നോക്കേണ്ടതുണ്ട്. ഗ്രഹങ്ങളുടെയും മറ്റും ഗതിയുടെ അടിസ്ഥാനത്തിൽ സമയനിർണ്ണയം ചെയ്യുന്ന ശാസ്ത്രമാണ് ജ്യോതിഷം. വരാഹമിഹിരൻ തുടങ്ങിയവരുടെത് പ്രാമാണിക ഗ്രന്ഥങ്ങൾ.

പ്രാതിശാഖ്യം :വേദത്തോട് ബന്ധപ്പെട്ട മറ്റൊരു ശാസ്ത്രമാണ് പ്രാതിശാഖ്യം. ഓരോ വേദത്തിലെയും ശിക്ഷ, വ്യാകരണം, ഛന്ദസ്സ്, നിരുക്തം എന്നിവ പ്രത്യേകമായി ഇതിൽ നിരൂപണം ചെയ്യപ്പെട്ടിരിക്കുന്നു.

ഉപവേദങ്ങൾ :
വേദങ്ങളുടെ അനുബന്ധമെന്നോണം നിലകൊള്ളുന്നവയാണ് ഉപവേദങ്ങൾ. ആയുർവ്വേദം, ധനുർവ്വേദം, സ്ഥപത്യവേദം, ഗാന്ധർവ്വവേദം, അർത്ഥവേദം എന്നിവയാണ് ഇവ.

ആയുർവ്വേദം :
ആയുഷ്യങ്ങളായ ചര്യകളെയും രോഗ നിർണ്ണയം, ചികിത്സ തുടങ്ങി അസംഖ്യം വിഷയങ്ങളെയും പ്രതിപാദിക്കുന്ന ബൃഹത്തായ ശാസ്ത്രമാണ് ആയുർവ്വേദം. ചരക മഹർഷി, സുശ്രുതമഹർഷി തുടങ്ങി അനേകമഹർഷിമാരുടെ പ്രാചീന സംഹിതകളുടെ അടിസ്ഥാനത്തിൽ വാഗ്ഭടാ ചാര്യർ തുടങ്ങി അനേക മഹാത്മാക്കളുടെ കൃതികളാൽ സമുദ്ര സമാനം വിപുലമാണ് ആയുർവ്വേദം.

ധനുർവ്വേദം :
ശസ്ത്രങ്ങളുടെ നിർമ്മാണവും രാഷ്ട്രതന്ത്രവുമൊക്കെയായി ബന്ധപ്പെട്ട ശാസ്ത്രമാണ് ധനുർവ്വേദം. ലോഹസംസ്കരണം, യാനതന്ത്രം തുടങ്ങിയവയെല്ലാം ഇതിലന്തർഭവിക്കുന്നു.

സ്ഥപത്യവേദം :
ഭൂമിയുടെ സ്ഥിതിക്കും വിവിധ പ്രാപഞ്ചിക ശക്തികൾക്ക് അനുഗുണമായും മനുഷ്യാലയം, ദേവാലയം തുടങ്ങിയവ നിർമ്മിക്കുന്നതിനെ സംബന്ധിക്കുന്ന ശാസ്ത്രം. വിശ്വകർമ്മാവ്‌ തുടങ്ങിയ ആചാര്യന്മാർ പ്രഥമഗണനീയർ.

ഗാന്ധർവ്വവേദം :
മനുഷ്യനെ മാത്രമല്ല, ബാഹ്യ പ്രപഞ്ചത്തെക്കൂടി സ്വാധീനിക്കുന്ന വിധത്തിൽ നൃത്തം, ഗീതം തുടങ്ങിയ സുകുമാരകലകളെ സംബന്ധിക്കുന്ന ശാസ്ത്രം. നാരദൻ, ഭരതൻ, തുടങ്ങിയ മഹർഷിമാർ പ്രധാന പ്രവർത്തകരായിരുന്നു.

അർത്ഥവേദം :
അർത്ഥത്തിന്റെ ശരിയായ ഉത്പാദനത്തെയും വിനിയോഗത്തെയും പറയുന്ന ശാസ്ത്രം. ധനതത്ത്വശാസ്ത്രം, രാഷ്ട്രത ന്ത്രമീമാംസ, വാണിജ്യ തന്ത്രം തുടങ്ങിയവയെല്ലാം ഇതിലന്തർഭവിക്കുന്നു. പൂർവ്വസംഹിതകൾ നമുക്ക് കിട്ടിയിട്ടില്ല. ചാണക്യന്റെ അർത്ഥശാസ്ത്രമാണ് ലഭിച്ചവയിൽ പ്രാമാണികം.

വളരെ  ചുരുക്കത്തിൽ വേദങ്ങളെ ഇങ്ങനെ പരിചയപെടാം, അനാദിയായ ഈ  അറിവ് മനുഷ്യന് അവന്റെ ആധ്യാത്മിക അന്വേഷണത്തിനും ജീവിതചര്യയ്ക്കും ഒരുപോലെ പ്രയോജനപെട്ടുകൊണ്ട് നിലനിൽക്കുന്നു.

Posted in വേദങ്ങൾ Tagged with: